വിശ്വസിച്ച് ഏൽപ്പിച്ച ചുമതലകൾക്കു വിരുദ്ധമായാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്കു ബോധ്യപ്പെടുമ്പോൾ, ആ ഭരണത്തെ മാറ്റാനോ തിരുത്താനോ ഉള്ള പരമാധികാരം എപ്പോഴും ജനങ്ങളിൽതന്നെ അവശേഷിക്കുന്നുണ്ട് എന്നു പറഞ്ഞത് ആധുനിക ജനാധിപത്യ ചിന്തകളെയും സ്വാതന്ത്ര്യ സങ്കൽപങ്ങളെയും സ്വാധീനിച്ച ലോകപ്രശസ്ത ഇംഗ്ലീഷ് തത്ത്വചിന്തകനായ ജോൺ ലോക്കാണ്.
കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ യുവജനത തുടങ്ങിവച്ച ജനാധിപത്യ സംരക്ഷണ പ്രതിഷേധ സമരങ്ങൾ ഭരണകൂടം ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിനു വിരുദ്ധമായി പ്രവർത്തിച്ചതുകൊണ്ടാണ് എന്നതു വ്യക്തമാണ്. പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കാൻ ശ്രമിച്ചു എന്നുള്ളത് അത്തരം പ്രവർത്തനത്തിന്റെ വളരെ ഗൗരവമായ ഉദാഹരണവും.
സമരശേഷമുള്ള ജനാധിപത്യത്തിന്റെ ഭാവി
സമരം ചെയ്യുന്നവരുടെ ജനാധിപത്യബോധവും പ്രതിബദ്ധതയും ത്യാഗങ്ങളും ദുരിതങ്ങളും പീഡനങ്ങളും വിലമതിക്കാനാകാത്തതാണ്. ചില സിദ്ധാന്തങ്ങൾ പറയുന്നതുപോലെ, എന്തോ ഗൂഢോദ്ദേശ്യത്തിനുവേണ്ടിയാണ് ഈ ചെറുപ്പക്കാർ രണ്ടും കല്പിച്ചു നിരത്തിലിറങ്ങിയത് എന്നു വിശ്വസിക്കാൻ പ്രയാസം.
അവരുടെ കൂടെ യാത്ര ചെയ്യാനും ഈ ജനാധിപത്യസമരത്തെ ശക്തമാക്കാനും ഇന്ത്യയിലെ വ്യവസ്ഥാപിത പ്രതിപക്ഷ കക്ഷികളും തയാറായി എന്നുള്ളത് ഇതിന്റെ ഗൗരവവും സ്വീകാര്യതയും വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, ഈ സമരങ്ങളോടൊപ്പം പ്രധാനമാണ് ഇതിനു ശേഷമുള്ള ജനാധിപത്യത്തിന്റെ ഭാവിയും.
പുതുതായി വരുന്ന ജനാധിപത്യ സംവിധാനം പഴയ സ്വേച്ഛാധിപത്യ സംവിധാനത്തേക്കാൾ മെച്ചപ്പെട്ടതല്ലെങ്കിൽ, ജനാധിപത്യ സമരങ്ങൾ അർഥശൂന്യമാണെന്ന് കാൾ പോപ്പർ പറഞ്ഞതും ഓർമിക്കാം.
യാത്രയെക്കുറിച്ച് പ്രമുഖ ഇന്ത്യൻ ഇംഗ്ലീഷ് കവിയായ നിസിം ഇസെക്കിയേൽ എഴുതിയ ‘എന്റർപ്രൈസ്’ എന്ന കവിതയുടെ അവസാനത്തിൽ, “ഞങ്ങൾ ആ സ്ഥലത്ത് എത്തിയപ്പോൾ, ഞങ്ങൾ എന്തിനാണ് അവിടെ വന്നതെന്നു പോലും ഞങ്ങൾക്ക് അറിയാത്ത അവസ്ഥയായിരുന്നു.
യാത്ര ഓരോരുത്തരുടെയും മുഖത്തെ ഇരുളടച്ചതാക്കി മാറ്റിയിരുന്നു”, ഞങ്ങൾ ചെയ്ത പ്രവൃത്തികളൊന്നും അത്ര മഹത്തരമോ അപൂർവമോ ആയിരുന്നില്ല എന്ന് ഈ യാത്രയിലുള്ളവർ പരിതപിക്കുന്നതായിട്ടാണ്. അതുകൊണ്ട്, ഇന്ത്യയിലെ ജനാധിപത്യ സമരത്തിന്റെയും യാത്രയുടെയും അവസാനം, പഴയതിനേക്കാൾ വളരെ കൂടുതൽ മെച്ചപ്പെട്ട ജനധിപത്യ ഭരണവും സംവിധാനങ്ങളും അവസരം വരുമ്പോൾ ഉറപ്പാക്കേണ്ട കടമ നേതാക്കൾക്കും ഇതിനെ പിന്തുണയ്ക്കുന്ന പൗരസമൂഹത്തിനും ഉണ്ട്. സാധാരണ പറയാറുള്ളതുപോലെ വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുക എന്ന അർഥശൂന്യമായ പ്രവൃത്തി ആകരുത് ഈ വലിയ ത്യാഗോജ്വലമായ ജനാധിപത്യ സംരക്ഷണ സമരം.
ജനാധിപത്യവിരുദ്ധ തിന്മകളോട് വിട്ടുവീഴ്ചയരുത്
മഹാത്മാഗാന്ധി സാമൂഹികവും ധാർമികവുമായ പ്രതിസന്ധികൾ നേരിടുമ്പോൾ ശരിയായ തീരുമാനമെടുക്കാൻ നൽകിയ ഉപദേശം ഈയവസരത്തിൽ വളരെ അർഥവത്താണെന്നു തോന്നുന്നു. നിങ്ങൾ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ദരിദ്രനും നിസഹായനുമായ ഒരു മനുഷ്യന്റെ മുഖം ഓർമിക്കുക. തുടർന്ന്, നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം ആ മനുഷ്യന് എന്തെങ്കിലും പ്രയോജനം ചെയ്യുമോ എന്ന് സ്വയം ചോദിക്കുക എന്നതാണല്ലോ അത്.
ഇപ്പോഴത്തെ ജനാധിപത്യ സംവിധാനത്തിന് കളങ്കമായിത്തീർന്ന അധികാര ദുർവിനിയോഗം, അഴിമതി, അസമത്വം, പണക്കൊഴുപ്പും തെരഞ്ഞെടുപ്പ് അഴിമതിയും, രാഷ്ട്രീയത്തിന്റെ ക്രിമിനൽവത്കരണം, ധ്രുവീകരണവും വോട്ട് ബാങ്ക് രാഷ്ട്രീയവും, കൂറുമാറ്റവും രാഷ്ട്രീയ അസ്ഥിരതയും, കുടുംബവാഴ്ചാ രാഷ്ട്രീയം, കേന്ദ്രീകരണവും ജനാധിപത്യ സ്ഥാപനങ്ങളുടെ ദുർബലതയും, മതവിവേചനവും വർഗീയതയും - തുടങ്ങി ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന തിന്മകൾക്കെതിരേ വിട്ടുവിഴ്ചയില്ലാത്ത നിലപാട് തുടരേണ്ടതുണ്ട്. അതുപോലെതന്നെ പ്രധാനമാണ് ജനങ്ങളെ അടിമകളെപ്പോലെയും ശത്രുക്കളെപ്പോലെയും കരുതുന്ന തരത്തിലുള്ള രാഷ്ട്രീയ നേതാക്കളുടെ സുരക്ഷാ സംവിധാനങ്ങളും അർഹതയില്ലാത്ത ആനുകൂല്യങ്ങളും അവിഹിത അവകാശങ്ങളുമെല്ലാം.
ഭരണം പൊതു നീരുറവപോലെ
ജോൺ വെബ്സ്റ്ററുടെ പ്രസിദ്ധമായ നാടകത്തിൽ പറയുന്നത്, ഒരു ഭരണാധികാരിയുടെ കൊട്ടാരം (ഭരണം) ഒരു പൊതു നീരുറവ (ടാങ്ക്) പോലെയാണെന്ന് നാം ഓർക്കണം; അതിൽനിന്ന് എപ്പോഴും വെള്ളിത്തുള്ളികൾ പോലെയുള്ള ശുദ്ധമായ ജലമാകണം ജനങ്ങളിലേക്ക് ഒഴുകേണ്ടത്. എന്നാൽ, ആ ഉറവയുടെ തുടക്കത്തിൽതന്നെ (ഭരണാധികാരികളിൽ) എന്തെങ്കിലും അഴിമതിയോ തിന്മയോ വിഷം കലർത്തിയാൽ, ആ മാരകമായ വിഷവും രോഗവും രാജ്യം മുഴുവൻ പടർന്നുപിടിക്കും. നമ്മുടെ രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പലതും ഈ ഉറവയുടെ പ്രശ്നമാണെന്ന തിരിച്ചറിവുകൂടി പുതിയ നേതാക്കൾക്ക് ഉണ്ടാകണം.
എന്തായാലും, രാഷ്ട്രീയ സുതാര്യതയിൽ ലോകത്തിനുതന്നെ മാതൃകയാകുന്ന തരത്തിലാണ് വെയിൽസ് പാർലമെന്റ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്. ജനാധിപത്യ സൂചികയിൽ ഏറ്റവും അവസാനത്തേതായി പ്രത്യക്ഷപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ സ്ഥിതി സമരനേതാക്കൾ സമരശേഷവും മറക്കരുതാത്തതാണ്.
ഭരണാധികാരികൾക്ക് അനാവശ്യ സുരക്ഷ എന്തിന് ?
ജോൺ മിൽട്ടൺ എന്ന കവി മറ്റൊരു സന്ദർഭത്തിൽ പറഞ്ഞതാണെങ്കിലും, ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ രാഷ്ട്രീയ അവസ്ഥ വിവരിക്കാൻ അത് പര്യാപ്തമാണെന്ന് തോന്നുന്നു.
“വിശക്കുന്ന ആടുകൾ മുകളിലേക്ക് നോക്കുന്നു,
പക്ഷേ അവർക്ക് ഭക്ഷണം ലഭിക്കുന്നില്ല,
പകരം വെറും കാറ്റും വിഷലിപ്തമായ മഞ്ഞും ശ്വസിച്ച്,
അവർ ഉള്ളിൽനിന്ന് ചീഞ്ഞുപോകുകയും,
മാരകമായ രോഗം പടർത്തുകയും ചെയ്യുന്നു” എന്ന് കവി എഴുതുമ്പോൾ സ്വന്തം സുഖസൗകര്യങ്ങൾക്കും പദവികൾക്കുംവേണ്ടി മാത്രം ജീവിക്കുകയും പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്ത് സമ്പത്ത് സമ്പാദിക്കുന്നവരെയുമാണ് വിമർശിക്കുന്നത്.
അത്യാവശ്യ സുരക്ഷ വേണമെന്നിരിക്കിലും, സമരരംഗത്ത് ആവശ്യമില്ലാത്ത സുരക്ഷ എന്തിനാണ് അധികാരത്തിൽ എത്തുമ്പോൾ അമിതമായി ഉപയോഗിക്കുന്നത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അത്തരമൊരു കൊളോണിയൽ ഭരണസംവിധാനത്തിന് അവസാനം കുറിക്കാനും രാഷ്ട്രീയം ജനങ്ങളുടെ പ്രശ്നപരിഹാരത്തിനുള്ള ഉപാധിയാണെന്ന പുതിയ ജനാധിപത്യ സംസ്കാരം ആഴപ്പെടാനും ഈ ജനാധിപത്യ സമരങ്ങൾ ജനങ്ങളെയും നേതാക്കളെയും സഹായിക്കണം. ഇതിന് സഹായകമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും ഭരണപരിഷ്കാരങ്ങളും ഭാവിയിൽ ഉറപ്പുവരുത്തണം.
വെയിൽസ് ഒരു മാതൃക
ഈ ലേഖകന് യൂറോപ്പിലെ ഇംഗ്ലണ്ട്, അയർലൻഡ്, വെയിൽസ് എന്നീ രാജ്യങ്ങളിലെ പാർലമെന്റുകൾ സന്ദർശിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അത്തരം സ്ഥാപനങ്ങളൊക്കെ എത്ര ജനസൗഹൃദമായാണ് നിലകൊള്ളുന്നത് എന്ന് നേരിട്ടു കാണാൻ കഴിഞ്ഞു. ഇന്ത്യയിൽ കാണുന്ന പേടിപ്പെടുത്തുന്ന സുരക്ഷയോ തോക്കുകളോ ഒന്നും കാണാൻ കഴിഞ്ഞില്ല.
വെയിൽസ് പാർലമെന്റിൽ കയറി അവിടത്തെ ജനങ്ങളുടെ കൂടെ അവിടത്തെ മാലിന്യപ്രശ്നത്തേക്കുറിച്ചു പരാതി എഴുതികൊടുക്കാൻപോലും സാധിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ എഴുതി സമർപ്പിക്കാൻ വെയിൽസ് പാർലമെന്റിൽ സംവിധാനമുണ്ട്. കുട്ടികളിൽ ജനാധിപത്യബോധവും രാഷ്ട്രീയത്തോട് സ്നേഹവും പരിശീലിപ്പിക്കാൻ മാതാപിതാക്കളോടൊപ്പം അവർക്ക് വെയിൽസ് പാർലമെന്റിൽ സമയം ചെലവഴിക്കാൻ പ്രത്യേക സൗകര്യവുമുണ്ട്.
കൂടാതെ, ജനപ്രതിനിധികൾ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ (ഒരു വർഷമോ അതിൽ കുറവോ തടവുശിക്ഷ ലഭിക്കുക), അല്ലെങ്കിൽ പാർലമെന്ററി സമിതി ഗുരുതരമായ ദുരുപയോഗം കണ്ടെത്തുകയോ ചെയ്താൽ, വോട്ടർമാർക്ക് അവരെ കാലാവധി തികയുന്നതിനുമുമ്പ് സ്ഥാനത്തുനിന്ന് നീക്കാനുള്ള നിയമവും ശ്രദ്ധേയമാണ്. അങ്ങനെ ഭരണകർത്താക്കൾ മാതൃകാ പുരുഷന്മാരാകുന്നു, നിയമപാലനത്തിന് നേതൃത്വം കൊടുക്കുന്നു, ജനങ്ങളെ അതിന് പ്രേരിപ്പിക്കുന്നു.